സലീല്‍ ഇബ്രാഹിം
(കിനാലൂരിന്‍റെ  ദുര്‍ദിന സ്മരണക്കു മുന്നില്‍, 
പരിക്കേറ്റ എന്‍റെ സഹോദരങ്ങള്‍ക്ക്‌ !)

വിയല്ല ഞാനെന്‍റെ മാംസവും രക്തവുമൂറ്റി
ദാനം ചെയ്തിഷ്ട ദേവിയുടെ പ്രീതി നേടിടാന്‍
പച്ച മനുഷ്യനൊരു നേരമെങ്കിലും മണ്ണിന്‍റെ
മാറില്‍ ജീവിച്ചിടട്ടെ ജനിച്ചു പോയില്ലേ


നിങ്ങള്‍ക്കിതെന്തു കാര്യമെന്‍ മണ്ണില്‍ ബൂട്ടിന്‍റെ
സീല്കാര,മീ ചെടികള്‍ , ഫലങ്ങള്‍ , കിളികള്‍
കൊച്ചുമക്കള്‍ ഭയചകിതരായൊച്ച വെക്കുന്നു

തംബ്രാന്‍റെ, യുച്ച യുറക്കിലെ പേക്കിനാവില്‍
അടിയന്‍റെ കൂരയിനി പൊളിക്കേണ്ട  ഹേ
വെക്കുക വെടി നെഞ്ചി ലേക്കിനി ഞാനിപ്പോള്‍
ചുകപ്പല്ലാത്തതൊക്കെയും  തെറ്റെന്നു കേട്ടു
വികസന വിരുദ്ധന്‍, മാവോ,തീവ്രവാദി !!


ഇതെന്‍റെ മണ്ണാണിതിലെന്‍റെ നോവും കിനാക്കള്‍
വിയര്‍പ്പില്‍ , നിണത്തില്‍ മുനിഞ്ഞു നില്‍ക്കുന്നു
ഇതെന്‍റെ സ്വപ്നമിതില്‍ ജീവന്‍റെയോരോ  
കണികയും പേറ്റു നോവില്‍ പ്രതീക്ഷയുറ്റുന്നു


നിങ്ങളിവിടം ശവപ്പറമ്പാക്കരുതിവിടമൊരു
പൂവാടിയായ് ഞാനുമതിലന്തിയുറങ്ങിടട്ടെ
പാതി വയറൊട്ടി അര വയര്‍ മുറുക്കി വിയര്‍പ്പാല്‍
നോവുകള്‍ വെന്തു വേവാറുമ്പോള്‍  നിങ്ങള്‍
കള്ളപ്പരിഷകള്‍ ബൂട്ടിനാലിതൊരു
കുരുതിക്കളം തീര്‍ത്തു വെടിയുമുതിര്‍ത്തു നീളെ
പിന്നെ വാതില്‍ ചവിട്ടിയെന്റുമ്മയുടെ ചെകിടില്‍
തീര്‍ത്ത 'മുദ്രാ 'വാക്യമിതത്രേ 'കഴുവേറികള്‍ '


'കഴുവേറിയവര്‍' പൂര്‍വികര്‍ പണ്ടേ മണ്ണില്‍ തീര്‍ത്ത
വിപ്ലവ രണ ഗാഥയിലൊരേടിതാ പൂരണം
ഞങ്ങളീ മണ്ണിന്‍റെ മക്കള്‍ കുടിയൊഴിയാന്‍
മനസ്സില്ല കഴുവേറ്റീടുവിന്‍ കഴിയുമെങ്കില്‍
പക്ഷെ ഒരായിരം ചിറകുള്ള തലമുറ യുണ്ടിവിടെ
മാറ്റും വ്യവസ്ഥയവര്‍, മാറ്റാതിരിക്കില്ല.!!
സലീല്‍ ഇബ്രാഹിം
അറിഞ്ഞതില്‍ നിന്നുള്ള മോചനമാണ് ഒരു വിപ്ലവകാരി.
ഓരോ ചുവന്ന സൂര്യോദയങ്ങളിലും
മീസാന്‍ കല്ലുകളിലവന്‍ പുനര്‍ജനിക്കും

ഇതാ നടപ്പാതയിലൊരു പരിവ്രാചകന്‍
യാചനയുടെ ഭാണ്ടക്കെട്ടില്‍ നിന്ന്
കാഴ്ച നഷ്ട്ടപ്പെട്ട രണ്ടു കണ്ണുകള്‍
ഇതാ ഒരുടഞ്ഞ കണ്ണാടി
അമൂര്‍ത്ത ചിത്രങ്ങളുടെ മരുഭൂമി
ഇതാ കീഴടങ്ങിയവരുടെ കവി
തൂലികതുമ്പിലെ കണ്ണീരിലൊരു ചിത
ഇതാ അക്രമിക്കപ്പെട്ടവരുടെ ഗുരു
മൗനത്തിന്റെ കല്ലറയില്‍ നിങ്ങള്‍ക്കൊരിര
ഇതാ തൂക്കു മരത്തിലൊരു പ്രവാചകന്‍
ഉടഞ്ഞ കണ്ണാടിയിലൊരു മുറിഞ്ഞ നാവ്
ഇതാ ഉരുകിതീരാറായൊരു മെഴുകുതിരി
കീഴടങ്ങുക ! അതിജീവനം പാപമാണ്
മിനാരങ്ങള്‍ക്ക് മേലെ എഴുത്ത് പലകയില്‍
പുതിയൊരു ഫലകം കൊത്തി
അബാബീല്‍ പക്ഷികള്‍ പറന്നകലുന്നു
"silence is death !!
സലീല്‍ ഇബ്രാഹിം
മുറിവുകള്‍ ഒരോര്‍മപ്പെടലാണ്.
മറക്കാനാവാത്ത ചില പാടുകളുടെ വെളിപാട്
മുറിവുകളുടെ ഓരങ്ങളില്‍ നാം ന്യായങ്ങളുടെ തട കെട്ടുന്നു
നോവിന്‍റെ തുടി താളത്തില്‍ സ്വപ്നങ്ങളുടെ ആത്മഹത്യകളില്‍
അവ പൊട്ടിയൊലിക്കുന്നു.
മുറിവുകള്‍ അപ്പോള്‍ ദുര്‍ഗന്ധമാണ്
ചെയ്തു മറന്നതും പെയ്തു മറഞ്ഞതും
കുത്തിയോലിച്ചൊരു നിണ ഗംഗ!
പൊതിഞ്ഞു വെച്ചവയെല്ലാം കാലം വെളിപ്പെടുത്തുന്നു
മുറിവുകള്‍ അപ്പോള്‍ പൊളിചെഴുത്താണ്...
സലീല്‍ ഇബ്രാഹിം
നീയൊരു പൂവായിരുന്നു
ജീവിതത്തിന്റെ ഊര്‍വ്വരതയില്‍
ഒരു വസന്തം വിരിയിച്ച്‌...
നീയൊരു കാറ്റായിരുന്നു
അനര്തങ്ങളുടെ ജീവിതചൂളയില്‍ 
ഒരു കുളിര്‍ തെന്നലായ് ...
നീയൊരു വിളക്കായിരുന്നു
കൂരിരുള്‍ മുറ്റിയ കൈ രേഖയില്‍
ഒരു മണ്‍ വിളക്കായ്‌...
പക്ഷെ ഒരുച്ച്വാസത്തിന്റെ നൊടിയിടയില്‍
നീയപ്രത്യക്ഷമാവുമ്പോള്‍
ഞാന്‍ സ്വയം നഷ്ട്ടപ്പെടുന്നു .